Hero Image

ഉമാമഹേശ്വര വ്രതം: പ്രാധാന്യവും അനുഷ്ഠിക്കേണ്ട വിധവും അറിയാം

കുടുംബജീവിതം ഭദ്രമാക്കുന്നതിന് ഏറ്റവും ആരാധിക്കാവുന്നതു മഹാദേവനെയും ഉമയെയുമാണ്. ദാമ്പത്യ വിജയത്തിനും , കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താനും , ഐശ്വര്യം ഉണ്ടാകാനും വേണ്ടി പരമശിവനെയും പാർവ്വതി ദേവിയെയും ഒരുമിച്ചു പ്രാർത്ഥിച്ചു കൊണ്ട് എടുക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം .

ഉമാമഹേശ്വര പൂജയെന്നറിയപ്പെടുന്ന ഈ പൂജാവിധി നടത്തേണ്ടത് ശിവനും പാർവതിയും പ്രതിഷ്ഠയായുള്ള അമ്പലത്തിലാണ്.

അവിടെയാണ് ആരാധന നടത്തേണ്ടതും. ഭാദ്രപദത്തിലെ പൗർണമി ദിവസം ആണ് ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കേണ്ടത്.

പ്രഭാതത്തിൽ തന്നെ കുളിച്ചു ശരീര ശുദ്ധി വരുത്തി , ഉമാമഹേശ്വര ക്ഷേത്രത്തിൽ പോയി ധാരയും , കൂവളത്തുമാലയും സമർപ്പിച്ചു പൂജിക്കേണ്ടതാണ് . ഒരു നേരം അരി ആഹാരം കഴിച്ചു കൊണ്ട് ദിനം മുഴുവൻ പഞ്ചാക്ഷരി മന്ത്രം ഓതുകയും ശിവ പാർവതി സ്തുതികൾ ചൊല്ലുകയും, രാത്രിയിൽ ഉറക്കം വെടിഞ്ഞ് വ്രതം അനുഷ്ഠിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ ആണ് .

ജാതകത്തിലെയുംപ്രശ്നത്തിലെയുംസർവദോഷങ്ങൾക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസ്സം നേരിടുന്നവർക്കും വിവാഹം കഴിഞ്ഞവർക്കു ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനും ഉമാമഹേശ്വരപൂജയും ഉമാമഹേശ്വരക്ഷേത്രദർശനവും ഉത്തമമാണ്.

തിരുവനന്തപുരത്ത് അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കുളക്കടവായ പത്മതീർത്ഥക്കരയിൽ ഉമാമഹേശ്വര ക്ഷേത്രം ഉണ്ട് . എട്ടുവീട്ടിൽ പിള്ളമാർ അനന്തപത്മനാഭനെ തൊഴാൻ വരുമ്പോൾ ആരാധിച്ചിരുന്ന തേവാരമൂർത്തി കൂടിയാണ് ഈ അമ്പലം. മാത്രവുമല്ല ഈ ദിവ്യസന്നിധിയിൽ ശിവകുടുംബം ഒന്നടങ്കം കുടികൊള്ളുന്നു എന്നാണു വിശ്വാസം. ഉമാ മഹേശ്വരന്മാർക്കൊപ്പം വിഘ്നേശ്വരനെയും സ്കന്ദനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഐതിഹ്യം അനുസരിച്ചു ഉമാമഹേശ്വര വ്രതം ദുർവാസാവ് മഹർഷിയും മഹാവിഷ്ണുവുമായി ബന്ധപെട്ടു കിടക്കുന്നു . ക്ഷിപ്രകോപിയായ ദുർവാസാവ് മഹർഷി ഒരിക്കൽ കൈലാസത്തിൽ ചെന്ന് പരമശിവനെയും പാർവതി ദേവിയെയും ദർശിക്കുകയുണ്ടായി . തന്നെ വന്നു ദർശിച്ചതിന്റെ സന്തോഷസൂചകമായി പരമശിവൻ ദുർവാസാവ് മഹർഷിക്ക് ഒരു കൂവളത്തു മാല പ്രസാദമായി നൽകുകയും ചെയ്തു.

കൈലാസത്തിൽ നിന്ന് തിരിച്ചു വരും വഴി ദുർവാസാവു മഹർഷി മഹാവിഷ്ണുവിനെ കാണുകയും, പരമശിവൻ അദ്ദേഹത്തിന് നൽകിയ കൂവളത്തു മാല സന്തോഷ സൂചകമായി മഹാവിഷ്ണുവിന് നൽകുകയും ചെയ്തു. എന്നാൽ മഹാവിഷ്ണു മാല തന്റെ കഴുത്തിൽ അണിയുന്നതിന് പകരമായി, വാഹനമായ ഗരുഡന്റെ കഴുത്തിലാണ് അണിയിച്ചത്.

ഇത് കണ്ടു ക്ഷുഭിതനായ ദുർവാസാവ് മഹർഷി, പരമശിവന്റെ പ്രസാദത്തെ മഹാവിഷ്ണു അപമാനിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു അദ്ദേഹത്തെ ശപിക്കുകയുണ്ടായി. മഹാവിഷ്ണുവിന് തന്റെ പത്നിയായ മഹാലക്ഷ്മിയെ ഉൾപ്പെടെ എല്ലാം നഷ്ടമാകും എന്ന് പറഞ്ഞു കൊണ്ടാണ് മഹർഷി ശാപം ചൊരിഞ്ഞത്.

ശാപത്താൽ ദു:ഖിതനായ മഹാവിഷ്ണു ദുർവാസാവ് മഹർഷിയോട് തന്നെ പാപപരിഹാരം ആരാഞ്ഞപ്പോൾ പരമശിവനെയും പാർവതി ദേവിയെയും വ്രതം നോറ്റ് പ്രസാദിപ്പിക്കുകയാണെങ്കിൽ അദ്ദേഹത്തിന് നഷ്ടമായതെല്ലാം തിരിച്ചു കിട്ടും എന്ന് പാപപരിഹാരം മാർഗം പറഞ്ഞു കൊടുക്കുകയും ചെയ്തു.

READ ON APP